നീന്താനിറങ്ങിയ അമ്മയും ചേച്ചി കുളത്തിൽ മുങ്ങിത്താഴ്ന്നു….രക്ഷപ്പെടുത്തി 14 കാരൻ…

കനത്ത മഴയിൽ ഇരുകരയും മുട്ടി നിറഞ്ഞൊഴുകിയ കുളത്തിൽ മുങ്ങിത്താഴ്ന്ന തൻ്റെ അമ്മയെയും ചേച്ചിയെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് പത്താംക്ലാസുകാരൻ്റെ ധീരത. തിരുമിറ്റക്കോട് ഒഴുവത്ര വടക്കത്ത് വീട്ടിൽ കൃഷ്ണകുമാറിൻ്റെ മകൻ പതിനാല് വയസുള്ള ശ്രീകാന്താണ് ആണ് തൻ്റെ അമ്മ രമ്യ, അമ്മാവൻ്റെ മകൾ സന്ധ്യ എന്നിവരെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തെ നിറഞ്ഞൊഴുകുന്ന കുളം കാണാനാണ് രമ്യയും സന്ധ്യയുമടക്കം മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും അടക്കമുള്ളവർ ഇറങ്ങിത്തിരിച്ചത്. ഇവരിൽ സന്ധ്യ ആദ്യം കുളത്തിലിറങ്ങി അല്പദൂരം നീന്തി നല്ല ഒഴുക്കുള്ള ഭാഗത്തെത്തി. തിരിച്ച് നീന്താൻ ശ്രമിച്ചെങ്കിലും കൈകാലുകൾ കുഴഞ്ഞു. ഇതോടെ സന്ധ്യ കുളത്തിൻ്റെ നിലയില്ലാക്കയത്തിൽ മുങ്ങാൻ തുടങ്ങി.
ഇതു കണ്ട രമ്യ സന്ധ്യയെ രക്ഷിക്കാനായി നീന്തി അടുത്തെത്തിയെങ്കിലും മുങ്ങിത്താഴുകയായിരുന്ന സന്ധ്യ, രമ്യയെ ചേർത്തുപിടിച്ചതോടെ ഇരുവർക്കും രക്ഷപ്പെടാനാവാതെ വന്നു.ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് കരയിലുള്ളവർ കണ്ടത്. നീന്തലറിയാത്ത ഇവരുടെ കരച്ചിൽ കേട്ടാണ് വീട്ടിലുണ്ടായിരുന്ന ശ്രീകാന്ത് സംഭവമറിയുന്നത്. നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ ശ്രീകാന്ത് കുളത്തിലേക്കെടുത്തു ചാടി. ആദ്യം സന്ധ്യയെയും പിന്നീട് അമ്മ രമ്യയെയും ഈ കൊച്ചുമിടുക്കൻ കരയിലേക്കെത്തിച്ചു. പിന്നീട് ഇരുവർക്കും ആവശ്യമായ പ്രഥമശുശ്രൂഷയും നൽകിയ ശേഷം ആശുപത്രിയിലേക്കെത്തിച്ചു.

Related Articles

Back to top button