സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ അപകീർത്തി പരാമർശം..യൂട്യൂബർ അറസ്റ്റിൽ…
സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബർ സവുക്കു ശങ്കർ വീണ്ടും അറസ്റ്റിൽ. വനിതാ പൊലീസുകാർക്കെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ മുമ്പ് അറസ്റ്റിലായ ശങ്കർ നിലവിൽ ജയിലിലാണ്. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ്.സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി മുത്തു എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ മെയ് മാസമാണ്, വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ കോയമ്പത്തൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാ എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേനിയിൽ നിന്നാണ് പൊലീസ് ശങ്കറിനെ പിടികൂടിയത്. ഒരു ഓൺലൈൻ അഭിമുഖത്തിനിടെ ശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച ശങ്കർ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു.