10 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ….
ആലപ്പുഴ : ജില്ലയിലെ വിവിധ കേസുകളിൽ പ്രതികളായ പിടികിട്ടാപുള്ളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്വേഷണത്തിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ. പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് . കൊല്ലം ജില്ല, അമ്പലംകുന്ന് വെളിനാട് പഞ്ചായത്ത് ഭാഗ്യമംഗലം വീട്ടിൽ ബിനീഷ് ബാബു (46 ആണ് പിടിയിലായത് . 2014-ൽ പൂച്ചാക്കൽ സ്വദേശിയിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ബിനീഷ് ബാബു. തിരുവനന്തപുരം തമ്പാന്നൂർ ഭാഗത്ത് വെച്ചാണ് പ്രതിയെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബിനീഷ് ബാബുവിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നിരവധി കേസ്സുകൾ ഉണ്ട്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോസ് എൻ.ആർ ന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മാരായ അരുൺകുമാർ.എം, ടെൽസൺ തോമസ്, സൈബിൻ ചക്രവർത്തി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


