കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്ന പ്രസ്താവന..അമിത് ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്…
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്.കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കാലേകൂട്ടി നൽകിയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.
ജയറാം രമേശ് എം.പിയാണ് നോട്ടീസ് നൽകിയത്. കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്നും അവകാശലംഘന നോട്ടീസിൽ പറയുന്നു.