എം 80 ഇല്ലാതെ എന്ത് ഡ്രൈവിംഗ് ടെസ്റ്റ്.. പുതിയ മോട്ടോര്‍ വാഹന ചട്ടങ്ങൾ വന്നതോടെ കൂട്ടത്തോൽവി…
കൊച്ചി: എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ൽ 30 പേരും ടെസ്റ്റിൽ പരാജയപ്പെട്ടു. കാക്കനാട് മാത്രമുള്ള കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ ചിലർ കാല് നിലത്തു കുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയ കാരണമായി.
ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80കളാണ് ഇതുവരെ പലരും ഡ്രൈവിങ് ടെസ്റ്റിനുള്ള പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. ഇതേ വാഹനം തന്നെയാണ് ഇതുവരെ ടെസ്റ്റിനും ഉണ്ടായിരുന്നത്. പുതിയ മോട്ടോര്‍വാഹന ചട്ടങ്ങൾ ഇന്നലെ മുതൽ നടപ്പായി. ഇതോടെയാണ് എം80ക്ക് പകരം ബൈക്ക് ഉപയോഗിക്കണമെന്ന നിർദ്ദേശം വന്നത്. ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇപ്പോൾ കാല്പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാക്കിയത്. മാത്രമല്ല എന്ജിന് കപ്പാസിറ്റി 95 സി.സി മുകളിലും വേണമെന്നാണ് പുതിയ മോട്ടോര്‍വാഹന ചട്ടങ്ങൾ അനുശാസിക്കുന്നത്. എന്നാൽ എം80 യാകട്ടെ 75 സി സി മാത്രം എന്ജിന് കപ്പാസിറ്റിയുള്ളവയാണ്. കൈ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനം നിലവിൽ രാജ്യത്ത് നിർമ്മിക്കാത്തതിനാലാണ് കാൽപാദം കൊണ്ടു ഗിയർ മാറ്റുന്ന ബൈക്കുകൾ നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കിയത്.



