മാവേലിക്കര നഗരസഭയില്‍ ഭരണ പ്രതിസന്ധി : ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതായി കോണ്‍ഗ്രസ്…
മാവേലിക്കര: മാവേലിക്കര നഗരസഭയിലെ ഭരണം അനിശ്ചിതത്വത്തിലേക്ക്. ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി. ഇന്ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ചെയര്മാന് കെ.വി.ശ്രീകുമാറിന് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയിരുന്ന പിന്തുണ പിന് വലിയ്ക്കാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തിനുശേഷം രാജിവെക്കാമെന്നും തുടര്‍ന്ന് നിലവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നൈനാന്.സി.കുറ്റിശേരിയ്ക്ക് പിന്തുണ നല്കാമെന്നുമുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായ കെ.വി.ശ്രീകുമാറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷവും ഏഴ് മാസവും പിന്നിട്ട ശേഷവും ചെയര്മാന് രാജി വെക്കാന്‍ തയ്യാറാകാഞ്ഞ സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സന്നിഹിതനല്ലായിരുന്ന ചെയര്മാന് കെ.വി.ശ്രീകുമാറിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒക്ടോബര്‍ 1ന് രാജിവെക്കാമെന്ന് ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ അതിന് സന്നദ്ധനല്ല എന്ന് പറഞ്ഞ് ചെയര്മാന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് കൂടിയ യോഗം ചെയര്‍മാനുള്ള പിന്തുണ പിന്‍വലിയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വര്‍ഗീസ് അറിയിച്ചു.
എന്നാല്‍ താന്‍ ചുമതല ഏറ്റ ശേഷം രണ്ടു വര്‍ഷം കോവിഡ് കാലമായി പോയെന്നും പിന്നെ തുടക്കം കുറിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനുള്ള സമയം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും ചെയർമാൻ കെ.വി ശ്രീകുമാർ പറഞ്ഞു. വെല്‍നസ് സെന്ററുകളുടെ പൂര്‍ത്തീകരണം, പുതിയകാവ് മാര്‍ക്കറ്റ് നവീകരണം എന്നിവ പൂര്‍ത്തിയാക്കുവാന്‍ അവസരം ലഭിക്കാതിരുന്നതിനാലാണ് ഇപ്പോള്‍ രാജി വെക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതെന്ന് കെ.വി.ശ്രീകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് തനിക്കുണ്ടെന്നും അവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നേതാക്കന്മാരും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജൂലൈ 31 വരെയായിരുന്നു ചെയര്മാന് രാജി വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കൊടുത്തിരുന്ന അവസാന സമയം. നിലവില്‍ നഗരസഭയില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-9, ബിജെപി-9 സ്വതന്ത്രന്-1 എന്നിങ്ങനെയാണ് കക്ഷിനില.
നാളെ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗ്ഗീസ് രാജിവെച്ച വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നൈനാന്.സി.കുറ്റിശേരിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിത്രാ അശോകുമാണ് മത്സരിക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ കോണ്‍ഗ്രസ്-3, സിപിഎം-2 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി അംഗങ്ങൾ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഇല്ല