വയനാട് ഉരുൾപൊട്ടൽ..നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു…
അമ്പലപ്പുഴ :വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമട കായലിൽ നടത്താനിരുന്ന നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു. നിലവിൽ സെപ്റ്റംബർ മാസത്തിൽ നടത്താനാണ് തീരുമാനം. തീയതി പിന്നീട് തീരുമാനിക്കും.വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു . ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു.നേരത്തെ നിശ്ചയിച്ച സാംസ്കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് കൂടുതലും ഉയർന്നുവന്നത്.