വയനാട്ടിൽ വിദഗ്ധരായ ഡോഗ് സ്‌ക്വാഡ് എത്തി…
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ മായയും മര്‍ഫിയുമെത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി എന്ന നായ തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മായയും മര്‍ഫിയും ദൗത്യത്തിനൊപ്പം ചേര്‍ന്നത്.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മാഗിക്ക് ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ചവരാണ് കൊച്ചിയില്‍നിന്നെത്തിയ മായയും മര്‍ഫിയും. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഇരുവരും ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ടവയാണ്. ‘കെടാവര്‍ ഡോഗ്‌സ്’ എന്ന ഗണത്തില്‍ കേരളത്തിലുള്ള മൂന്ന് നായകളില്‍ രണ്ടുപേരാണ് മായയും മര്‍ഫിയും. മാഗി ഇടുക്കി പൊലീസിന്റെ സ്‌ക്വാഡിലാണുള്ളത്.