ഉള്ളുപൊട്ടി കേരളം..വയനാട്ടിൽ മരണസംഖ്യ 120 ആയി..98 പേരെ കാണാതായി….
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് .ഏഴ് മണിവരെ പുറത്ത് വന്ന വിവരം അനുസരിച്ച് 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്.നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിർമിച്ചു. താത്ക്കാലിക പാലം വഴിയും റോപ്പ് വഴിയും ആളുകളെ ഇക്കരെ എത്തിച്ചുവരികയാണ്.