സ്വർണ്ണാഭരണങ്ങൾ മിനുക്കി നൽകാൻ നിർബന്ധിച്ച് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമം….ബിഹാർ സ്വദേശി അറസ്റ്റിൽ….
ആലപ്പുഴ:പുളിങ്കുന്ന് സ്വദേശിനിയുടെ സ്വർണ്ണാഭരണങ്ങൾ മിനുക്കി നൽകാനെന്ന വ്യാജേന ലായനിയിൽ ലയിപ്പിച്ചെടുത്ത് സ്വർണ്ണം മോഷണം ചെയ്യാൻ ശ്രമിച്ചബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ അരാരിയ ജില്യ ധാമ പഞ്ചായത്തിൽ മഠിയാരി ശാഹ് മന്ദിർ വാർഡ് ഒന്നിൽ തൃതാനന്ദ് ഷാഹിൻ്റെ മകൻ ദിനേഷ് ഷാഹ് (42)നെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 27 ന് രാവിലെ 10:45 ന് പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ മങ്കൊമ്പ് ഭാഗത്താണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പുളിങ്കുന്ന് സ്വദേശിനിയുടെ വീട്ടിൽ വന്ന പ്രതി ഒട്ടുവിളക്ക്, ലായനി ഉപയോഗിച്ച് വെളുപ്പിച്ച് വിശ്വാസം നേടിയെടുത്തശേഷം സ്വർണ്ണമാല ആവശ്യപ്പെടുകയും ലായനിയിൽ ലയിപ്പിച്ച് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പുളിങ്കുന്ന് പോലീസ് ഇൻസ്പെക്ടർ എ.എൽ. യേശുദാസ് ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പ്ക്ടർ ബിജുകുട്ടൻ, അസ്സിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിമോൾ, പ്രതീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, പ്രവീൺ ചന്ദ്രൻ, അനൂപ് ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ 27 ന് മങ്കൊമ്പ് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്. പ്രതി പാലക്കാട് ജില്ലയിൽ സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളെ കണ്ടാൽ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കണമെന്നും പുളിങ്കുന്ന് പോലീസ് അറിയിച്ചു.