ഈശ്വർ മൽപെ വീണ്ടും നദിയിലിറങ്ങി… ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം….

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. ഈശ്വർ മൽപെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയിലെ ഒഴുക്കും ചെറിയ രീതിയിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനിച്ചത്. അതേസമയം, ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.  തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും നദിയിൽ ഇറക്കാൻ സാധിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം.  എന്തു സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.  ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button