പ്രഭാത നടത്തത്തിന് പോയ ആരോഗ്യവകുപ്പ് ജീവനക്കാരനെ കാർ ഇടിച്ച് ദാരുണാന്ത്യം….
തിരുവനന്തപുരം: കോവളം -കാരോട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ഡി വൈഡറിൽ ഇടിച്ച് എതിർ വശത്തേക്ക് തെറിച്ച് വീണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. കാർ യാത്രികർ നേരിയ പരിക്കോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം മുക്കോല മുല്ലൂർ എൽ.വി. സദനത്തിൽ ദിപിൻ വിദ്യാധരൻ (43) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ബെെപാസിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപമായിരുന്നു അപകടം. ആലപ്പുഴയിലെ സെൻ്ററിൽ പി.എസ്. സി പരീക്ഷ എഴുതാൻ വെള്ളറടയിൽ നിന്ന് ബൈപ്പാസ് വഴി പുറപ്പെട്ട മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടം സൃഷ്ടിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ ഡി വൈഡറിൽ ഇടിച്ച് മൂന്ന് പ്രാവശ്യം മറിഞ്ഞ് തെറിച്ച് എതിർവശത്ത് കൂടി നടക്കുകയായിരുന്ന ദിപിന് മേൽ പതിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദിപിനെ ആംബുലൻസിൽ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.