തിയേറ്ററിൽ നിന്നും സിനിമകൾ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഗം പിടിയിൽ…

തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘം പിടിയില്‍. മധുരയില്‍ നിന്നുള്ളവരാണ് കേരളത്തില്‍ പിടിയിലായത്. ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. സിനിമ പകര്‍ത്തിയ മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അനുയോജ്യമായ സീറ്റിം​ഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഏറെനാളായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ​ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം ഇതേ രീതിയില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി ഈ ചിത്രവും തിയറ്ററില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ചോദ്യം ചെയ്യുന്നതിനായി ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. സ്റ്റീഫനൊപ്പമുള്ള രണ്ടാമന്‍ പ്രതിയാണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കുന്നു. കാരണം സ്റ്റീഫനൊപ്പം അറിയാതെ വന്നതാണെന്നാണ് ഇയാളുടെ മൊഴി. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ ഇതിന്‍റെ നിജസ്ഥിതി അറിയാനാവൂ.

Related Articles

Back to top button