കർണാടക മണ്ണിടിച്ചിൽ.. അത്യാധുനിക സംവിധാനങ്ങളോടെ പരിശോധന…
മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള IBOD എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
സോണാര്‍ ടെക്നോളജി ഉപയോഗിച്ച് നാവികസേന നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ ലോറി കരയിലേക്കെത്തിക്കാനുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യഘട്ടമായി മുങ്ങല്‍ വിദഗ്ധര്‍ മൂന്നുബോട്ടുകളിലായി ലോറിയുണ്ടെന്ന് കരുതുന്ന ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഒഴുക്കും പുഴക്ക് അടിയിലുള്ള കാഴ്ചയുമാണ് പരിശോധിച്ചത്. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും കാരണം ഇപ്പോഴും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് പ്രതിസന്ധിയായി തുടരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.