ആർ.എസ്.എസിന്റെ വിലക്ക് നീക്കി മോദി സർക്കാർ; സർക്കാർ ജീവനക്കാർക്ക് പ്രവർത്തനാനുമതി…
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി. ഇതോടെ 58 വർഷം പഴക്കമുള്ള വിലക്കാണ് മോദി സർക്കാർ നീക്കിയത്. 1966ൽ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിലൂടെ പിൻവലിച്ചത്.
അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി ആദ്യം അധികാരത്തിൽ വന്നപ്പോഴും നരേന്ദ്ര മോദി രണ്ടുതവണ പ്രധാനമന്ത്രിയായപ്പോഴും നീക്കാതിരുന്ന വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായതോടെ ആർ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള നീക്കം കൂടിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്ന് വിമർശനം ശക്തമായിട്ടുണ്ട്.
അതേസമയം, സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ആർ.എസ്.എസ് പ്രതികരിച്ചു.
58 വര്‍ഷം മുമ്പ് നടപ്പാക്കിയ ഭരണഘടന വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഇത് സ്വാഗതാര്‍ഹമാണെന്നുമായിരുന്നു ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.