നിപ : ഉറവിടം അമ്പഴങ്ങയാണോ…വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കുന്നത് കൂടുതൽ അപകടമാകും…
മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ പറഞ്ഞെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടി മറ്റ് ജില്ലകളിൽ യാത്ര പോയത് വളരെ മുമ്പാണ്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഒമ്പത് പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്.