നെയ്യാറ്റിൻകരയിൽ യുവതിയുടെ മരണം..ഡോക്ടറെ സസ്പെൻഡ് ചെയ്താൽ ശക്തമായ പ്രതിഷേധമെന്ന് ഡോക്ടർമാരുടെ സംഘടന…
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നറിയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജിഎംഒഎ. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് എഡിഎം നാട്ടുകാർക്ക് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതികരണം.
അപൂർവ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവർത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടർക്കെതിരെ അന്യായമായ ശിക്ഷാനടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നാണ് കെജിഎംഒഎയുടെ മുന്നറിയിപ്പ്.