കേരളത്തിൽ നിപയെത്തുന്നത് ഇത് അഞ്ചാം തവണ..ജാഗ്രത വേണം..രോഗലക്ഷണങ്ങള്‍..പ്രതിരോധം..അറിയേണ്ടതെല്ലാം…
ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തി അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 20 പേരാണ് നിപ ബാധിച്ചു മരിച്ചത്. മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതിൽ അരോഗ്യ സംവിധാനം വിജയിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആവര്‍ത്തിച്ച് രോഗബാധയുണ്ടാകുന്നു എന്നത് വലിയ ചോദ്യചിഹ്നമാണ്.രോഗത്തെ പിടിച്ചു കെട്ടി എന്നവകാശപ്പെടുമ്പോഴും എന്തുകൊണ്ട് നിപ്പ കേരളത്തില്‍ ആവര്‍ത്തിക്കുന്നു, എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകരാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിക്കും. രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാമെന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ എടുത്തേക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.
രോഗബാധയുള്ള വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീർ എന്നിവ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. നിപ വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ മരുന്നില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പോംവഴി.