സ്വകാര്യ ബസിൻ്റെ തുറന്നിരുന്ന വാതിലിൽകൂടി തെറിച്ചുവീണ് പരുക്കേറ്റു..വയോധികന് ദാരുണാന്ത്യം…
കിളിമാനൂർ: സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റയാൾ മരിച്ചു.
നഗരൂർ കുന്നിൻകുളങ്ങര ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ സി.തങ്കരാജൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ നഗരൂർ തേക്കിൻകാട് ജങ്ഷനിലാണ് അപകടമുണ്ടായത്. പാലോട് നിന്നും കിളിമാനൂർ വഴി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസിൽ സഞ്ചരിക്കുകയായിരുന്നു തങ്കരാജൻ. തേക്കിൻകാട് എത്തിയപ്പോൾ ഇറങ്ങാനായി എഴുന്നേറ്റ ഇദ്ദേഹം, വേഗതയിൽ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ തുറന്നിരുന്ന വാതിലിൽകൂടി റോഡിലേക്ക് തെറിച്ചു വീണ ശേഷം സമീപത്തെ ഓടയിൽ ചെന്ന് പതിച്ചു.
ഡ്രൈവർ നിയന്ത്രിക്കുന്ന യന്ത്രവാതിൽ ഈ സമയം തുറന്ന നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. തലയിടിച്ചുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ മരിച്ചു. ലോട്ടറി കച്ചവടക്കാരനാണ് മരിച്ച തങ്കരാജൻ.സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു