അമ്മയുടെ മുന്നിൽ മകനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിനതടവ്…
പാറശ്ശാല:അമ്മയുടെ മുന്നിൽ മകനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.നേമം മേലങ്കോട് അമ്പലക്കുന്നു കല്ലുവിളക്കോണം കമുകറ പണയിൽ എസ്.എസ് ഭവനിൽ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറി (49) നെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
നേമം കല്ലുവിളകോണം പണയിൽ വീട്ടിൽ മണികണ്ഠൻ എന്ന രാകേഷ് (30) ആണ് കൊല്ലപ്പെട്ടത്. മണികണ്ഠന്റെ അമ്മ രമയുടെ ജ്യേഷ്ഠസഹോദരിയുടെ മകനാണ് സുനിൽകുമാർ
2016 സെപ്തംബറിൽ തിരുവോണ നാളിൽ പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉത്രാട ദിനത്തിൽ രാത്രി മണികണ്ഠനും സുഹൃത്തുക്കളും അമ്പലക്കുന്ന് ജംഗ്ഷനിൽ അത്തപ്പൂക്കളം ഇടുന്നതിനിടെ മദ്യപിച്ചെത്തിയ സുനിൽകുമാർ ബഹളമുണ്ടാക്കി. മണികണ്ഠൻ സുനിൽ കുമാറിനെ പറഞ്ഞുവിലക്കുകയും തള്ളിമാറ്റുകയും ചെയ്തു. തുടർന്ന് അവിടെനിന്ന് മടങ്ങിയ സുനിൽകുമാർ, സംഭവദിവസം പുലർച്ചെ 4.30ന് വീടിന് സമീപത്തെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാനെത്തിയ രമയുടെ കൺമുന്നിൽ വച്ച് മണികണ്‌ഠനെ കത്തി കൊണ്ട് മുതുകിലും തോളിലും കുത്തുകയായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു മണികണ്ഠൻ.