തോൽവി അംഗീകരിക്കാൻ തയ്യാറല്ല….രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ…
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അത് അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറല്ല, മൂന്നാം തവണ തോറ്റിട്ടും രാഹുൽ അഹങ്കരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. റാഞ്ചിയിൽ ബിജെപി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിലാണ് ഷായുടെ പരാമർശം.
തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചതെന്നും ആരാണ് സർക്കാർ രൂപീകരിച്ചതെന്നും എല്ലാവർക്കും അറിയാം. വിജയിച്ചതിന് ശേഷം അഹങ്കരാമുണ്ടാകും. എന്നാൽ രാഹുൽ ഗാന്ധിയുടെ അഹങ്കാരം അതിരുകടന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിനെ പത്ത് വർഷം കൊണ്ട് മാവോയിസ്റ്റുകളിൽ നിന്നും മുക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജാർഖണ്ഡിലെ ജെഎംഎം സർക്കാറാണ് ഏറ്റവും അഴിമതിയുള്ള സർക്കാർ. ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ വിമർശിച്ചു.