ടെസ്റ്റിനായി പോയ വണ്ടികൾ തിരിച്ചെത്തിയില്ല; അടവി-ഗവി ടൂർ പാക്കേജിന് തിരിച്ചടി
കോന്നി: ട്രാവലർ വാൻ ടെസ്റ്റിങിനായി കൊണ്ടുപോയിട്ട് തിരികെ ലഭിക്കാത്തത് അടവി – ഗവി ടൂർ പാക്കേജിനെ ബാധിക്കുന്നു. വനം വകുപ്പിന് മികച്ച വരുമാനം ലഭിച്ചിരുന്ന ടൂർ പാക്കേജിൽ വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് ട്രാവലറുകൾ ആണ് തിരികെ കിട്ടാനുള്ളത്.
എട്ട് മാസത്തിലേറെയായി റീ ടെസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി ഒരു വാഹനം കോന്നി ഇക്കോടൂറിസം സെന്ററിൽ നിന്നും മാറ്റിയിട്ട്. ചില സ്വകാര്യ വ്യക്തികൾ കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഗവി പാക്കേജിന് ബദലായി നടത്തുന്ന വിനോദ സഞ്ചാര യാത്രകളും പദ്ധതിയെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.
ചീഫ് എൻജിനീയർ സാങ്കേതിക നടപടികൾ തീർക്കാനെടുക്കുന്ന കാലതാമസമാണ് റീ ടെസ്റ്റ് വൈകാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഒന്നര ലക്ഷം രൂപയോളം ഇതിനായി ചെലവാകും എന്നാണ് കണക്കുകൂട്ടൽ. നിലവിൽ ടൂർ പാക്കേജിനായി ഉപയോഗിക്കു വാഹനത്തിന് തകരാർ സംഭവിച്ചാൽ മറ്റൊരു വാഹനം ഉപയോഗിക്കാൻ കഴിയില്ല. റീ ടെസ്റ്റ് നടപടികൾ കഴിഞ്ഞ് വൈകാതെ വാഹനം എത്തുമെന്നാണ് വനം വകുപ്പ് അധികൃതർ പ്രതീക്ഷ.