ഹരിപ്പാട്ടെ സൈക്കിൾ മോഷ്ടാവ് പിടിയിൽ….
ഹരിപ്പാട്: ആലപ്പുഴയിലെ ഹരിപ്പാട് ഏറെ നാളുകളായി പൊലീസിനെ വട്ടം ചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ നാരാത്ത് വില്ലേജിൽ ദേവനുരാഗി വീട്ടിൽ നിന്നും വീയപുരം വില്ലേജിൽ വെള്ളം കുളങ്ങര മുറിയിൽ കുന്നത്ര വടക്കത്തിൽ വീട്ടിൽ താമസിക്കുന്ന രാജപ്പനാണ് (61) ഹരിപ്പാട് പൊലീസിന്റെ വലയിലായത്. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സൈക്കിൾ മോഷണം പോകുന്നത് അടുത്തിടെയായി പതിവായിരുന്നു. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്ക സൈക്കിളും മോഷ്ടിച്ചത് ഒരാളാണെന്നു മനസിലായി.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു ആക്ടീവ സ്കൂട്ടറിലെത്തിയശേഷം ശേഷം പരിസരത്തെ കടകളിലേക്ക് സൈക്കിളിൽ വരുന്നവരെ നിരീക്ഷിച്ചാണ് രാജപ്പന്‍റെ മോഷണമെന്ന് പൊലീസ് പറഞ്ഞു. സൈക്കിൾ നിത്തിയ ശേഷം ഉടമ കടയിലേക്ക് കയറുന്ന തക്കം നോക്കി സൈക്കിളുമായി കടന്നു കളയുകയാണ് ഇയാളുടെ പതിവ്. ഉടൻ തന്നെ അടുത്തുള്ള സൈക്കിൾ കടയിൽ കൊണ്ടു പോയി വിൽപനയും നടത്തും. ബുധനാഴ്ച ഹരിപ്പാട് റെയിൽവേ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
രാജപ്പൻ സൈക്കിൾ കൊണ്ടുപോയി കൊടുക്കുന്ന മൂന്ന് കടകളിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ അടുത്തിടയായി 15 സൈക്കിൾ കൊടുത്തതായി കടക്കാർ പറഞ്ഞു. പഴയ സൈക്കിൾ വാങ്ങി കൊണ്ട് വരുന്നതാണ് എന്നാണ് ഇയാൾ കടക്കാരെ ധരിപ്പിച്ചിട്ടുള്ളത്. മോഷണം പോയ ഏതാനും സൈക്കിളുകൾ വിവിധ കടകളിൽ നിന്നും പൊലീസ് കണ്ടെടുത്തു.