2024 യൂറോക്കപ്പിലെ മികച്ച ഗോൾ യമാലിന്റെത്; രണ്ടാമനായി ബെല്ലിങ്ഹാമ്…
ബെര്‍ലിന്‍: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിലെ മികച്ച പത്ത് ഗോളുകള്‍ തിരഞ്ഞെടുത്തു. ഗോള്‍ ഓഫ് ദ ടൂര്‍ണമെന്റായി സ്പെയിന്റെ കൗമാര താരം ലാമിന് യമാല്‍ നേടിയ ഗോളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരായ യമാല്‍ നേടിയ ഗോളാണ് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോള്‍ രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.
ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ 21-ാം മിനിറ്റിലാണ് യമാല്‍ മനോഹരമായ ഗോൾ പിറന്നത്. 10-ാം മിനിറ്റില്‍ വഴങ്ങേണ്ടിവന്ന ഗോളില്‍ പിന്നിലായിരുന്ന സ്പെയിനിനെ 21-ാം മിനിറ്റില്‍ സമനില ഗോൾ നേടി യമാല്‍ ഒപ്പമെത്തിക്കുകയായിരുന്നു.
യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററെന്ന നേട്ടവും സ്പാനിഷ് യുവതാരത്തിനാണ്. ജൂലൈ പത്തിന് നടന്ന സെമിയില്‍ ഗോളടിക്കുമ്പോള്‍ യമാലിന് 16 വയസ്സും 362 ദിവസവുമായിരുന്നു പ്രായം.