സർക്കാരുദ്യോഗസ്ഥൻ പെൺ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ…..കാരണം…
വെള്ളറട : വെള്ളറടയിൽ സർക്കാരുദ്യോഗസ്ഥനെ പെൺ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ലോക്കൽ ഫണ്ട് ഓഡിറ്ററായ ഷാജി(43) ആണ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്.
തിങ്കളാഴ്ചട്ട ഉച്ചയ്ക്ക് ശേഷം ഷാജിയെ കാണാതായതായാണ് പറയുന്നത്. രാവിലെ അധ്യാപികയായ ഭാര്യയെ കാറിൽ സ്കൂളിൽ കൊണ്ടുവിട്ടശേഷമാണ് ഷാജിയെ കാണാതായത്. എല്ലാദിവസവും ഇരുവരും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഷാജിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകി
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ കാർ ആനപ്പാറ ആർ.സി. ചർച്ചിന് സമീപത്ത് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പരിസരപ്രദേശത്താണ് ഷാജി അവസാനമെത്തിയതെന്നും വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാജി പെൺസുഹൃത്തിന് പലതവണ ബാങ്കുകളിൽനിന്നുള്ള ചിട്ടികൾക്ക് ജാമ്യംനിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളിൽനിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടിൽതന്നെ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണ് വീട്ടുടമ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ വെള്ളറട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു