ടണലിൽ പാറപോലെ ഉറച്ചു മാലിന്യങ്ങൾ….മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി….
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതം. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 23 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി. താഴെ ചെളിയും മുകളിൽ മാലിന്യക്കൂമ്പാരവും ആയതിനാൽ ഉള്ളിലേയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് സ്കൂബ സംഘാംഗം സന്തോഷ് പറഞ്ഞു.
ടണലിനുള്ളില്‍ മാലിന്യത്തിന്‍റെ ബെഡ് ആണെന്നും വെള്ളത്തിനും മാലിന്യത്തിന്‍റെ ബെഡിനും ഇടയില്‍ കേവ് ഡൈവ് ചെയ്യുന്നതുപോലെ കിടന്നുകൊണ്ടാണ് മുന്നോട്ട് പോയി പരിശോധിച്ചതെന്നും സന്തോഷ് പറഞ്ഞു. 40 മീറ്ററോളം മുന്നോട്ട് പോയെങ്കിലും വെള്ളത്തിനും മാലിന്യത്തിനും ഇടയിലെ വീതി കുറഞ്ഞതോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ വന്നു. പരമാവധി പോയി നോക്കി. തള്ളിയാല്‍ പോലും നീങ്ങാത്ത അത്രയും മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.