യൂട്യൂബ് വീഡിയോ പരീക്ഷിച്ച് സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായി..4 കുട്ടികൾ ബോധരഹിതരായി…

കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെ കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു.

ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Related Articles

Back to top button