ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി നരേന്ദ്ര മോദിയെ ആദരിച്ച് റഷ്യൻ പ്രസിഡൻ്റ്…..
റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചിരുന്നു.
ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോൾ പുടിൻ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്. ഇന്നലെ യുക്രെയിനിലെ കുട്ടികളുടെ ആശുപത്രിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കുട്ടികൾ അടക്കം 37 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ നേതാവ് വൻ കുറ്റവാളിയെ ആണ് ആലിംഗനം ചെയ്തതെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചു.