കളിക്കുന്നതിനിടെ കാർ ലോക്കായി…..രണ്ടു വയസുകാരൻ കാറിനുള്ളിൽ കുടുങ്ങി….ഫയർഫോഴ്സ് എത്തി കുട്ടിയെ രക്ഷപെടുത്തി….
വിഴിഞ്ഞം: വെങ്ങാനൂരിൽ താക്കോൽ വച്ച് കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കാറിനുള്ളിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കിട്ടിയതിനാൽ ഡോർ തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു. വെങ്ങാനൂർ രോഹിണി ഭവനിൽ നന്ദുവിന്റെ മകൻ ആരവാണ് ഒരു മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാക്കിയത്. വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിനു സമീപമാണ് സംഭവം.
പിതാവ് കാർ കഴുകുന്നതിനിടെ കാറിലിരുന്ന കുട്ടി അബദ്ധത്തിൽ താക്കോലിൽ അമർത്തി ലോക്കാവുകയായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തെരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. തുടർന്നാണ് വിഴിഞ്ഞം ഫയർഫോഴ്സിൽ വിവരമറിയിച്ചത്. എയർബാഗ് സംവിധാനമുള്ള കാറായതിനാൽ ഗ്ലാസ് പൊട്ടിക്കുന്നത് കുഞ്ഞിന് അപകടം വരുത്താൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് മാർഗത്തിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ലഭിച്ചത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.