ഈ ഗവ. യുപി സ്കൂളിൽ പഠിക്കാൻ മാസം 300 രൂപ നൽകണം….ഉച്ചഭക്ഷണമില്ല…സൗജന്യ പുസ്തകമില്ല…..

സ‍ർക്കാർ സ്കൂളിൽ മാസം തോറും 300 രൂപ വീതം ഫീസ് നൽകി യുപി വിഭാഗത്തിലെ കുട്ടികൾ പഠിക്കേണ്ടി വരുമെന്ന് കേട്ടാൽ വിശ്വിസിക്കാനാകുമോ. എന്നാൽ, കഴിഞ്ഞ പതിമൂന്ന് വർഷമായി ഇടുക്കി ഉടുമ്പൻചോല സർക്കാർ സ്ക്കൂളിലെ കുട്ടികളുടെ സ്ഥിതി ഇതാണ്. സ്കൂളിലെ എൽ പി വിഭാഗത്തിനും ഹൈസ്‌കൂള്‍ വിഭാഗത്തിനും സര്‍ക്കാരിന്‍റെ അംഗീകാരം ഉണ്ടെങ്കിലും യു പി വിഭാഗത്തിന് മാത്രം അംഗീകാരമില്ലെന്ന അപൂർവ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതിനാല്‍ തന്നെ യുപി വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യമോ മറ്റു കാര്യങ്ങളോ ലഭിക്കുന്നില്ല.

അധ്യാപകര്‍ കുറവായതിനാല്‍ തന്നെ ഉടുമ്പൻചോല സ്കൂളിലെ അ‌ഞ്ച്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ ഒരു ക്ലാസിലിരുന്നാണ് പഠിക്കുന്നത്. ഒരു ക്ലാസിലെ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മറ്റുള്ളവർ വെറുതെ ഇരിക്കണം. യുപി ക്ലാസുകളിലെ എല്ലാ വിഷയങ്ങൾക്കുമായി ആകെ രണ്ട് അധ്യാപകരാണുള്ളത്. ടീച്ചർമാരിൽ ഒരാൾ ഇല്ലെങ്കിൽ അടുത്ത മുറിയിലെ ആറാം ക്ലാസുകാരെ പഠിപ്പിക്കാൻ ഉള്ളയാൾ ഡബിൾ റോളിൽ അഭിനയിക്കുകയും വേണം.

മാറിമാറി ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടാണെന്നും കലോത്സവത്തിനോ കായിക മത്സരത്തിനോ പോകാൻ പറ്റില്ലെന്നും എല്ലാ ദിവസവും ഒരു കുട്ടിയെങ്കിലും ഭക്ഷണം പോലും കഴിക്കാതെ സ്കൂളിലെത്തുന്നുണ്ടെന്നും അങ്ങനെയുള്ളവരാണ് മാസം 300 രൂപ ഫീസ് കൊടുക്കേണ്ടിവരുന്നതെന്നും അധ്യാപിക അനിത പറഞ്ഞു. മറ്റ് സർക്കാർ സ്കൂളിലേതുപോലെ സൗജന്യ പുസ്തകവും ഉച്ച ഭക്ഷണവും യൂണിഫോമുമൊന്നും ഇവർക്കില്ല.

കുട്ടികൾ ഫീസ് കൊടുത്തില്ലെങ്കിൽ അധ്യാപകർക്ക് ശമ്പളവും ഇല്ലാത്ത അവസ്ഥയാണ്. ഏലത്തോട്ടം മേഖലയിലെ നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള 50 പേരും ഇവിടെ പഠിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ കഴിഞ്ഞ വർഷം നാലിൽ പഠിച്ച അഞ്ച് കുട്ടികൾ യു പി യിലേയ്ക് അഡ്മിഷൻ എടുത്തിട്ടുമില്ല. ഇത്തരത്തിൽ യുപിക്ക് അംഗീകാരമില്ലാത്ത നാലു സ്കൂളുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ വയനാട്ടിലെ മൂന്ന് സ്കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിട്ടും ഉടുമ്പൻചോലയിലെ കുട്ടികളെ മാത്രം അവഗണിച്ചു.

Related Articles

Back to top button