കേണിച്ചിറയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു…..

തിരുവനന്തപുരം : വയനാട് കേണിച്ചിറയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. 21 ദിവസത്തെ ക്വാറന്‍റീനും ചികിത്സയ്ക്കും ശേഷമാകും 10 വയസ്സുള്ള ആണ്‍ കടുവയെ മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റുക. ഇതോടെ മൃഗശാലയിലെ ബംഗാൾ പെൺകടുവയ്ക്ക് കൂട്ടായി.
14 മണിക്കൂർ യാത്രയ്ക്ക് ഒടുവിൽ പ്രത്യേകം സജ്ജീകരിച്ച ആനിമൽ ആംബുലൻസിൽ തോൽപ്പെട്ടി 17ാമൻ തിരുവനന്തപുരത്ത് എത്തി. ചെയ്‍തലം റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിലായിരുന്നു യാത്ര. യാത്രയിൽ ശാന്തനായിരുന്നു. മൃഗശാലയിൽ എത്തിച്ച് കൂട്ടിലേക്ക് കയറ്റുമ്പോൾ ഇടയ്ക്ക് ഒന്ന് ശൗര്യം വീണ്ടെടുത്തു. പിന്നെ പതുങ്ങി. ഇനി 21 ദിവസം നീണ്ട ക്വാറന്‍റീൻ. ചെറിയ ക്ഷീണവും നടക്കാൻ പ്രയാസവും ഉണ്ടെങ്കിലും ആരോഗ്യവാനാണ്.

നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ ഉള്ളത് നാല് കടുവകൾ. ഇതിൽ ബംഗാൾ ആൺ കടുവയ്ക്കും വെള്ളക്കടുവകൾക്കും പ്രായമായി. ആരോഗ്യമുള്ള ബംഗാൾ പെൺകടുവയ്ക്ക് കൂട്ടായാണ് വയനാട്ടിൽ നിന്നുള്ള ആൺകടുവയെത്തിയത്.

Related Articles

Back to top button