പ്ലസ് വൺ സീറ്റ് പ്രതിസന്ധി..മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാർശ..സമിതി റിപ്പോർട്ട് സമർപ്പിച്ചു…
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക.
മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്. മലപ്പുറത്ത് സീറ്റുകൾ ഇഷ്ടം പോലെ ഉണ്ടെന്ന് മുൻപ് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, ഒടുവിൽ പറഞ്ഞത് ഏഴായിരം പേർക്ക് കൂടി സീറ്റ് കിട്ടാനുണ്ടെന്നായിരുന്നു. എന്നാൽ സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ ജില്ലയിൽ ഇനിയും 16881 പേര്‍ക്ക് സീറ്റ് കിട്ടാനുണ്ടെന്നാണ് കണക്ക്.