കലയുടേതും അനിലിന്റേതും പ്രണയവിവാഹം…വിദേശത്ത് പോയതോടെ ബന്ധം വഷളായി….പിന്നീട് സംഭവിച്ചത്…
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടതെന്ന അനുമാനത്തിൽ പൊലീസ് മുന്നോട്ട് പോകുമ്പോൾ ഭർത്താവായിരുന്ന അനിൽ സംശയത്തിന്റെ നിഴലിലാണ്. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിൽ കലയെ കാണാതായതിന് ശേഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു. കലയുടെ തിരോധാനം കൊലപാതകമാണോ എന്നതില്‍ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും ഇടമില്ലായിരുന്നു.

കലയെ കാണാതായതോടെ, അവർ അനിലിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് പ്രചരിച്ചിരുന്നുവെന്ന് നാട്ടുകാർ പ്രതികരിച്ചു. എന്നാൽ കലയും അനിലും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ കാണാതായെന്ന് പറഞ്ഞുകേട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസി പറയുന്നു.

രണ്ട് ജാതിയിൽപ്പെട്ടവരായിരുന്ന കലയുടെയും അനിലിന്റെയും പ്രണയവിവാഹമായിരുന്നു. രണ്ട് വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം അനിൽ വിദേശത്തേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. വൈകാതെ കലയെ കാണാതായി. കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് പിന്നീട് അനിൽ പൊലീസിൽ മൊഴി നൽകിയത്. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാനക്കേസിലെ അന്വേഷണവും അവസാനിച്ചു.




