എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധം..സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി…
കേരളത്തിൽ എസ്എസ്എൽസി പാസ്സായ വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.