ടി20 ലോകകപ്പ്…. ഇന്ത്യക്ക് വിജയം…..
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് തിരിച്ച് വരവ് നടത്തിയതാണ്. ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന തോന്നൽ ഉണ്ടായിടത്ത് നിന്ന് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയുടെ ബോളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. അവസാന ഓവറിൽ 16 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് നടത്തിയ മഹാരാജിനും മില്ലർക്കും ആദ്യ പന്തിൽ തന്നെ തിരിച്ചടി ലഭിച്ചു. പാണ്ട്യ മില്ലറെ പുറത്താക്കിയതോടെ 7ാം വിക്കറ്റും വീണു. പുതിയതായി എത്തിയ റബാഡ രണ്ടാം പന്തിൽ ബൗണ്ടറി നേടി. പിന്നീടുള്ള ബോളുകളിൽ ഒരോ രൺ മാത്രമാണ് ലഭിച്ചത്. പിന്നാലെ എട്ടാം വിക്കറ്റും വീണു. അവസാന പന്തിൽ ഒരു റൺ മാത്രം നേടി ദക്ഷിണാഫ്രിക്ക കൂടാരം കയറിയപ്പോൾ ഇന്ത്യ 7 റൺസിന് കിരീടം നേടി.
ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സുയര്‍ത്തി. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം കോഹ്‌ലി 76 റണ്‍സുമായി മിന്നും പ്രകടനം കാഴ്ചവച്ചു. തുടക്കത്തില്‍ തന്നെ ബിഗ് വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങള്‍.