സംസ്ഥാനത്തെ 1140 സ്‌കൂളുകളിൽ ലഹരി വിതരണ സാന്നിദ്ധ്യം…. 100 രൂപയ്ക്ക് പത്തുമണിക്കൂർ ലഹരികിട്ടുന്ന…..
തിരുവനന്തപുരം : സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ, വിദ്യാർത്ഥികൾക്കായി ലഹരിവല വിരിച്ച് മയക്കുമരുന്ന് മാഫിയ. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി എത്തിക്കും. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നു.
1140 സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവുന്നില്ല. സ്‌കൂളുകളിൽ 325 കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തിയെങ്കിലും 183 എണ്ണം മാത്രമാണ് എക്സൈസിനെയോ പൊലീസിനെയോ അറിയിച്ചത്. വിദ്യാർത്ഥികൾ സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നതാണ് ഭീഷണി. ലഹരിക്ക് ആൺ-പെൺ ഭേദമില്ല. തലസ്ഥാനത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്തത് അടുത്തിടെയാണ്.
അഫ്ഗാൻ, ആഫ്രിക്കൻ രാസലഹരികളാണ് അപകടകരം. 100 രൂപയ്ക്ക് പത്തുമണിക്കൂർ ലഹരികിട്ടുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ സുലഭം. സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംങ്ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമകളാക്കും. ലഹരികലർന്ന മിഠായികൾ, ശീതളപാനീയങ്ങൾ, ബബിൾഗം എന്നിവയെല്ലാം സ്കൂൾ പരിസരത്ത് വ്യാപകമാണ്. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്‌കോംഗ് വരെയുള്ല കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ല മിഠായികളും സംശയകരമാണ്. ഗൊറില്ലയുടെ ചിത്രവുമായി 200എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന 228 മയക്കുമരുന്ന് ഇപാടുകാരെ കരുതൽതടങ്കലിലാക്കിയിട്ടുണ്ട്.