വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓട തർക്കം…റോഡ് പണി തുടരാൻ നിർദ്ദേശം നൽകി മന്ത്രി റിയാസ്…..

പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊടുമണ്ണിൽ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ തർക്കത്തിൽ നിർമ്മാണം മുടങ്ങിയിരുന്നു. വിവാദ ഓടയുടെ ഭാഗം ഒഴിച്ചുള്ള നിർമ്മാണം തുടരാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കത്ത് നൽകിയതിനെ തുടർന്നാണ് നിർദ്ദേശം. റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് സർവ്വേ റിപ്പോർട്ട് അനുസരിച്ചാകും ഓടയുടെ ഭാഗത്തെ നിർമ്മാണം നടക്കുക.

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമ്മാണത്തിൽ കൊടുമൺ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈൻമെന്‍റിൽ തർക്കം വന്നത്. മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്ന് സിപിഎം പ‍ഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ആരോപണം ഉന്നയിക്കുകയായിരുന്നു. നിർമ്മാണവും തടഞ്ഞു. ഇതോടെയാണ് വിവാദമായത്. വിവാദമായതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ആരോപണത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഡിപിആറും അലൈൻമെൻ്റും കണ്ടിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാമർശം. അതേസമയം, ഓടയുടെ അലൈൻമെന്‍റ് മാറ്റാൻ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫ്.

Related Articles

Back to top button