സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം….
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തായി ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകര്‍ന്നിട്ടുണ്ട്. റോഡുകൾക്കും കേടുപാടുണ്ടായി. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണാണ് ഒരാൾ മരിച്ചത്. പത്തനംതിട്ടയിൽ വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് ചക്കിട്ടപ്പാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.
ഇടുക്കി വില്ലാഞ്ചിറയിൽ കാറിന് മുകളിലേക്ക് മരം വീണ് യാത്രക്കാരൻ മരിച്ചു. രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ജോസഫിൻ്റെ മൂന്ന് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന് മുകളിലും മരം വീണിരുന്നു.
പാലക്കാട് അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വയലൂർ സ്വദേശി ജോയ്, ഷോളയൂർ സ്വദേശി ജിജോ എന്നിവർക്കാണ് പരുക്കേറ്റത്. അട്ടപ്പാടി ചിറ്റൂർ – ഷോളയൂർ റോഡിലാണ് അപകടം. ആലപ്പുഴ തലവടിയിൽ കനത്ത കാറ്റിൽ മരം വീണ് തലവടി സ്വദേശി പ്രസന്നൻ്റെ വീടും തൊഴുത്തും തകര്‍ന്നു. തൊഴുത്തിൽ ഉണ്ടായിരുന്ന പശുവിനും പരുക്കേറ്റു.
കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും തെന്മല ഒറ്റക്കലിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികൾ പോയതിന് പിന്നാലെയായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ ആൽമരം കടപുഴകി വീണ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നു. ചിതറയിൽ വൈദ്യുതി ലൈനിന് മുകളിൽ മരം ഒടിഞ്ഞുവീണ് കിഴക്കുഭാഗം പാങ്ങോട് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് പത്തനംതിട്ടയിലും വീടുകൾക്ക് വീടുകൾക്ക് കേടുപാട് ഉണ്ടായി. ചെന്നീർക്കര, കുഴിക്കാല, സീതത്തോട് എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. കണ്ണൂർ കൊതേരിയിൽ കനത്ത മഴയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ്, കണ്ണൂർ-മട്ടന്നൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മരം വീണ് ട്രാൻസ്ഫോമറും തകർന്നു.
കോഴിക്കോട് കനത്ത മഴയിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ നെടുവാൽ – ചെമ്പനോട പഞ്ചായത്ത് റോഡിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. 30 മീറ്ററോളം ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് വീണു. ശേഷിക്കുന്ന 50 മീറ്ററോളം ഭാഗം അപകട ഭീഷണിയിലാണ്. മൂന്നുമാസം മുൻപാണ് നെടുവാൽ പുഴയോരത്ത് റോഡിന് സംരക്ഷണ ഭിത്തി പണിതത്..