പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം..ഇന്നും നാളെയുമായി സത്യപ്രതിജ്ഞ…
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ പതിനെട്ട് എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.
രാവിലെ 9.30ന് പ്രോടെം സ്പീക്കർ ആയി ഭർതൃഹരി മെഹ്താബ്, രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. തുടർന്ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വൈകീട്ട് 4 മണി മുതൽ 5 മണി വരെയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം