വർക്കല ക്ലിഫ് സംരക്ഷിക്കും..റിയാസുമായി ചർച്ച ചെയ്യും..സുരേഷ് ഗോപി…

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ പ്രദേശത്ത് നടപ്പാക്കുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിൻമാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു. റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.കേന്ദ്രമന്ത്രാലയങ്ങൾക്ക് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികളുണ്ടാവുക. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ.

മണ്ണിന്റെ സവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വൻ പരിസ്ഥിതിക ആഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്‌. ഇത് വകവെക്കാതെ ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലെറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമിച്ചു. കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിഞ്ഞു.

വീണ്ടും മണ്ണിടിയാതിരിക്കാൻ ചില ഭാഗങ്ങളിൽ ചരിവ് നിവർത്താൻ ജില്ലാ കളക്ടർ തന്നെ ഉത്തരവിടുകയും ജെസിബി ഉപയോഗിച്ച് കുന്നിടിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിടെയാണ് ടൂറിസം മന്ത്രി കൂടിയായ സുരേഷ് ഗോപി കുന്നുകൾ സന്ദർശിച്ചത്.

Related Articles

Back to top button