കഫക്കെട്ടുമായി എത്തിയ 80കാരന് കൃത്യമായ ചികിത്സ നൽകിയില്ല….എസ് കെ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം…..
തിരുവനന്തപുരം: ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. കഫക്കെട്ടുമായി എത്തിയ 80 വയസുകാരന് കൃത്യമായ ചികിത്സ നല്‍കാത്തതിനാല്‍ മരിച്ചെന്നാണ് ഉയരുന്ന ആരോപണം. മേട്ടുക്കട സ്വദേശി പ്രഭാകരന്റെ മകന്‍ ബിമല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തൊമ്പത് ദിവസത്തെ പ്രഭാകരന്റെ ചികിത്സക്ക് ആറ് ലക്ഷം രൂപ ഈടാക്കിയെന്നും ബിമല്‍ പറയുന്നു.
പ്രഭാകരനെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടർന്നാണ് എസ് കെ ആശുപത്രിയില്‍ എത്തിച്ചത്. കഫക്കെട്ടു മുതല്‍ ലംഗ്സ് ക്യാന്‍സര്‍ വരെ ഉണ്ടെന്നുള്ള ഉറപ്പില്ലാത്ത മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്നാണ് ബിമല്‍ പറയുന്നത്. ഇരുപത് ദിവസത്തെ ചികിത്സക്ക് ശേഷം പ്രഭാകരന്‍ മരിച്ചു. കൃത്യമായ ചികിത്സ ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ചികിത്സ നല്‍കിയില്ലെങ്കിലും ബില്ലില്‍ കുറവൊന്നുമില്ല. ഈ കുടുംബത്തില്‍ നിന്ന് ഇരുപത് ദിവസത്തെ ചികിത്സക്ക് 6 ലക്ഷത്തോളം രൂപയാണ് ആശുപത്രി ഈടാക്കിയത്.