സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തിരുത്തല്‍ ക്ഷേമ പെന്‍ഷന്‍ കൊടുത്തുകൊണ്ടാകണം…. കെ.സി.വേണുഗോപാല്‍….
ആലപ്പുഴ: ധൂര്‍ത്ത് ഒഴിവാക്കി ക്ഷേമപെന്‍ഷന്‍ മാസംതോറും മുടങ്ങാതെ നല്‍കി കൊണ്ടാകണം പിണറായി സര്‍ക്കാരിൻ്റെ തിരുത്തല്‍ നടപടികള്‍ ആരംഭിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
കെ.സി.വേണുഗോപാല്‍ എം.പി.ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇപ്പോള്‍ കര്‍ക്കിടകം കൂടി വരുന്നു. ബുദ്ധിമുട്ട് പരിഹരിക്കാന്‍ പെന്‍ഷന്‍ നല്‍കണം. ബാക്കി തിരുത്തല്‍ ഒക്കെ സംഘടനാ കാര്യം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
വിജയിപ്പിച്ച ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള നിയോക മണ്ഡലതലത്തിലുള്ള സ്വീകരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സി.പി.എം എന്ന പാര്‍ട്ടി ഇല്ലാതാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ കോണ്‍ഗ്രസ് വിമുക്ത ഭാരതം പോലെ സി.പി.എം വിമുക്ത കേരളം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സിപിഎമ്മിനെ ബാധിച്ച പ്രശ്‌നം ഒരാള്‍ക്കു പോലും പാര്‍ട്ടിയില്‍ തുറന്നു പറയാന്‍ പറ്റാത്ത സാഹചര്യം എന്നതാണ്. അതുകൊണ്ടാണ് പാര്‍ട്ടി അണികള്‍ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ ഉന്നയിച്ച വിമര്‍ശനങ്ങളെ കാര്യമായി കാണുന്നില്ല. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് സി.പി.ഐ അല്ല. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല.മൂന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമ്പോള്‍ അവിടെ മത്സരിക്കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കാണ് അര്‍ഹത. ബിനോയ് വിശ്വം ആദ്യം സിപിഐഎമ്മിനെ തിരുത്തൂ. എന്നിട്ടാകാം കോണ്‍ഗ്രസിനെ പഠിപ്പിക്കുന്നത്.
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തി.കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത നഷ്ടമായി.ചോദ്യപേപ്പര്‍ ചോരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം വകുപ്പ് നോക്കാതെ സംഘടനാ പ്രവര്‍ത്തനമായി നടക്കുന്നു. അദ്ദേഹം ചെയര്‍മാനായ കമ്മിറ്റി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് ചേര്‍ന്നത്. കുട്ടികളുടെ ഭാവിതന്നെ അപകടത്തിലാക്കുന്ന ക്രമക്കേടാണ് നടന്നത്. രക്ഷിതാക്കളുടെ മനസ്സ് ഉരുകകയാണ്.നീറ്റ് ക്രമക്കേട് പാര്‍ലെമെന്റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇരുപതില്‍ പതിനെട്ട് സീറ്റിലെ വിജയത്തില്‍ അഹങ്കാരിക്കാനില്ല. പരാജയവും വിജയവും പാര്‍ട്ടി പഠിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളും ജയിക്കാന്‍ വേണ്ടിയുള്ള താഴെത്തട്ടിലെ പ്രവര്‍ത്തനം നടത്തും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബൂത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാസത്തിലൊരിക്കല്‍ സ്വന്തം ബൂത്തുകളില്‍ ഗൃഹസന്ദര്‍ശനം നടത്താത്ത നേതാക്കള്‍ക്ക് നേതൃപദവികളില്‍ തുടരാന്‍ പറ്റില്ല. ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്നും കെ.സി പറഞ്ഞു.