വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം….പോക്സോ കേസിൽ യുവാവിന് 16 വർഷം കഠിന തടവും പിഴയും…
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ കൊല്ലം പോരുവഴ ഇടയ്ക്കാട് ഒറ്റപ്ലാവിള തെക്കേതിൽ അഖിലിനെ(25) അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് ടി. മഞ്ജിത്ത് 16 വർഷവും ഒമ്പതു മാസവും കഠിന തടവിന് വിധിച്ചു.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം വളർത്തിയെടുത്ത് ശേഷം 2022 മെയ് മാസത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ബലമായി മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവവും നടത്തി.
ഏനാത്ത് എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി. പ്രതിയിൽ നിന്ന് 8500 രൂപ പിഴ ഈടാക്കും.