യുവാവിന്റെ മരണം കൊലപാതകം : വനിത സുഹൃത്ത് അടക്കം മൂന്ന് പേര്‍ പിടിയില്‍


മാവേലിക്കര:  മിച്ചല്‍ ജംഗ്ഷന് വടക്ക് ഭാഗത്ത് യൂണിയൻ ബാങ്കിന് മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ വനിത സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവനത്തിൽ രാജേഷിനെ (47) ചൊവ്വ രാവിലെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ വനിത സുഹൃത്ത് പത്തനംതിട്ട കുന്നംതാനം സ്വദേശിനി സ്മിത കെ രാജ്(37), കാരാഴ്മ ചെറുകോല്‍ മനാതിയില്‍ വീട്ടില്‍ ബിജു(42), പത്തനംതിട്ട ഇലവതിട്ട സ്വദേശി സജീവന്‍(സനു-38) എന്നിവരാണ് പിടിയിലായത്. യുവതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജുവും സനുവും രാജേഷിനെ മര്‍ദ്ദിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. മാവേലിക്കരയിലെ ബാറില്‍ നിന്നും ഇവര്‍ മദ്യപിച്ചിരുന്നതിന്റെ ബില്ല് ഗുഗിള്‍പേ വഴി യുവതി അടച്ചതാണ് കേസില്‍ യുവതിയുടെ പങ്കാളിത്തം വ്യക്തമാകാന്‍ കാരണമായത്. കൂടാതെ അറസ്റ്റിലായ യുവാക്കളുടെ മൊബൈലില്‍ സംരക്ഷിച്ചിരുന്ന ശബ്ദ സന്ദേശങ്ങളില്‍ യുവതി രാജേഷിനെ അടിക്കടാ എന്ന് ആക്രോശിക്കുന്ന ശബ്ദവും ഉള്ളതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.

മരിച്ച രാജേഷും സുനുവും ബിജുവും മറ്റൊരാളും തിങ്കളാഴ്ച രാവിലെ മുതല്‍ പല സ്ഥലങ്ങളിലായി മദ്യപിച്ച് വരികയായിരുന്നു. അതിനിടയിലാണ് മാവേലിക്കരയിലെ ബാറിൽ മദ്യപിക്കാന്‍ എത്തിയത്. മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ച രാജേഷിനെ ബാറില്‍ നിന്നും ജീവനക്കാര്‍ പുറത്താക്കിയതായി പൊലീസ് പറയുന്നു. ഇയാള്‍ ബാറിന് എതിര്‍വശമുള്ള യൂണിയന്‍ ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്നു. ഇയാള്‍ വീണ്ടും ബാറില്‍ കയറി മദ്യപിച്ചു. തിരിച്ച് വീണ്ടും ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്നു. രാത്രി 12.15ന് വടക്കു നിന്നും ബൈക്കിലെത്തിയ സുനുവും ബിജുവും ചേര്‍ന്ന് രാജേഷുമായി തര്‍ക്കിച്ച ശേഷം രാജേഷിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ രാജേഷ് തലയിടിച്ച് തറയില്‍ വീണു. മടങ്ങിപ്പോയ ഇവര്‍ പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തി, വീണു കിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം മടങ്ങി.

രാജേഷ് ചങ്ങനാശ്ശേരിയില്‍ വിവാഹ ബ്യൂറോ നടത്തിയിരുന്നു. ഇവിടത്തെ ജീവനക്കാരിയായിരുന്നു സ്മിത. ഇപ്പോള്‍ ഈ സ്ഥാപനം സ്മിതയാണ് നടത്തിയിരുന്നത്. അവിടെ ജീവനക്കാരനായി തുടരുകയായിരുന്നു രാജേഷ്. എന്നാല്‍ അടുത്തിടെ വേറെ ചില ജീവനക്കാരെ കൂടി സ്ഥാനപത്തില്‍ സ്മിത നിയമിച്ചിരുന്നു. ഇതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സ്മിതയെ രാജേഷ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമായിരിക്കാം രാജേഷിന്റെ സുഹൃത്തുക്കളെ കൊണ്ട് രാജേഷിനെ ആക്രമിപ്പിക്കാന്‍ ഉണ്ടായ കാരണമെന്നും പൊലീസ് പറയുന്നു. പ്രതികളില്‍ സ്മിതയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബിജുവും സനുവും നിലവില്‍ കസ്റ്റഡിയിലാണ്.

Related Articles

Back to top button