കോൺഗ്രസിൽ സത്യസന്ധർക്ക് ഇടമില്ല..കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു…
ഹരിയാന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു.കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സാന്നിധ്യത്തിലാണു ബിജെപി അംഗത്വം സ്വീകരിച്ചത്.ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മരുമകളും, ഭിവാനി ജില്ലയിലെ തോഷം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് കിരണ്‍ ചൗധരി. മകള്‍ ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇന്നലെയാണ് കിരണ്‍ ചൗധരിയും ശ്രുതിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭിവാനിയിൽ കിരൺ ചൗധരിയുടെ മകളായ ശ്രുതി ചൗധരിക്ക് കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു .പകരം ഭുപീന്ദർ സിംഗ് ഹൂഡയുടെ വിശ്വസ്തനായ റാവു ദാൻ സിംഗിനെ നിർത്തിയെങ്കിലും ബിജെപി സിറ്റിംഗ് എംപി ധരംബീർ സിംഗിനോട് പരാജയപ്പെടുകയായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ രൂക്ഷമാകാൻ ഇത് പ്രധാന കാരണമായി.