മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് ഏറ്റുമുട്ടല്‍..സൈന്യം രണ്ട് ഭീകരരെ വധിച്ചു…
ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്.ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.വെള്ളിയാഴ്ച യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.