മോഷണം കഴിഞ്ഞ് കാറിലെത്തി..ഡീസൽ തീർന്ന് വഴിയിലായി..മറ്റൊരു ബൈക്കിൽ രക്ഷപെട്ട് കള്ളൻ…കാർ പരിശോധിച്ച പോലീസ് കണ്ടത്…

കാട്ടാക്കട: രാത്രി മോഷണം കഴിഞ്ഞ് വരുമ്പോൾ കള്ളൻ്റെ കാറിൽ ഡീസൽ തീർന്നു. റോഡരികിൽ ഒതുക്കിയിരുന്ന ജെസിബിയിൽ നിന്ന് കള്ളൻ ഇന്ധനം മോഷ്ടിച്ചു. ഇത് ജെസിബി ഉടമ പിടിച്ചതോടെ കാർ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിച്ചെടുത്ത് കള്ളൻ കടന്നു. പോലീസെത്തി നടത്തിയ പരിശോധനയിൽ കാറിൽ നിന്നും മോഷണ വസ്തുക്കൾ അടങ്ങിയ ചാക്കുകളും, കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.

കാട്ടാക്കട പരുത്തിപ്പള്ളിയിൽ തിങ്കളാഴ്ച പുലർച്ചെ 4.15 നാണ് സംഭവം. കുറ്റിച്ചൽ ഭാഗത്തുനിന്ന് കാറിൽ വന്നയാൾ തൻ്റെ ജെസിബിയിൽ നിന്ന് തൊട്ടിയിൽ ഡീസൽ സംഭരിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നത് സ്വന്തം മൊബൈൽ ഫോണിൽ കണ്ട ഉടമ വിജീഷ് വിവരം സുഹൃത്തുക്കളെ അറിയിച്ചു. സുഹൃത്തുക്കൾ ഉടൻ സ്‌കൂട്ടറിൽ സ്ഥലത്തെത്തിയപ്പോൾ വന്നയാൾ കാറുമായി കടന്നു. കാറിനെ പിൻതുടർന്ന് പോയവർ സ്‌കൂളിന് മുന്നിൽ വച്ച് സ്‌കൂട്ടർ കാറിന് മുന്നിൽ കയറ്റി തടഞ്ഞപ്പോൾ ഇടിച്ചിട്ടു. ഇതിനിടെ കാറിൽ സ്‌കൂട്ടർ കുടുങ്ങിയതോടെ വണ്ടി സ്പീഡിൽ ഓടിക്കാൻ കഴിയാതെ വന്നു. സ്‌കൂട്ടറുമായി രണ്ടുകിലോമീറ്ററോളം സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി ഒരു വീട്ടിൽ അവസാനിക്കുന്ന റോഡിൽ എത്തിയപ്പോൾ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കി. തുടർന്ന് കാർ ഉപേക്ഷിച്ച് റോഡിൽ ഒതുക്കിയിരുന്ന മറ്റൊരു ബൈക്കെടുത്ത് കള്ളൻ രക്ഷപ്പെടുകയായിരുന്നു.

ഡീസൽ മോഷണം നടന്നത് നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിലും, കാർ കണ്ടെത്തിയത് കാട്ടാക്കട പോലീസ് പരിധിയിലുമാണ്. രണ്ടിടത്തെയും പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കാർ മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു. കുറ്റിച്ചൽ ദുർഗാദേവി ക്ഷേത്രത്തിൽ നിന്നും മോഷണം പോയ സാധനങ്ങളാണ് കാറിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button