ജീവൻ രക്ഷകരായ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരവ്
മാവേലിക്കര- കഴിഞ്ഞദിവസം മാവേലിക്കരയിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രമധ്യേ മാന്നാർ ഭാഗത്ത് വെച്ച് ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായ മുഴങ്ങോടിയിൽ ബസ്സിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത്ത് എന്നിവരെ മാവേലിക്കര സബ് ആർ.ടി ഓഫീസിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മാവേലിക്കരയിൽ നിന്നും തിരുവല്ലയ്ക്ക് യാത്ര ചെയ്ത യുവതി മാന്നാർ കോയിക്കൽ ജംഗ്ഷൻ എത്തിയപ്പോൾ ബസ്സിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട് സഹയാത്രക്കാർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ബസ് ഡ്രൈവർ വിഷ്ണുവും കണ്ടക്ടറായ രഞ്ജിത്തും ചേർന്ന് യുവതിയെ ആ ബസ്സിൽ തന്നെ പരുമല ആശുപത്രിയിൽ എത്തിക്കുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. സമൂഹത്തിനു മാതൃകയായ പ്രവർത്തി ചെയ്ത വിഷ്ണുവിനെയും രഞ്ജിത്തിനെയും മാവേലിക്കര പ്രൈവറ്റ് സ്റ്റാൻ്റിൽ വെച്ച് മാവേലിക്കര ജോയിൻ്റ് ആർ.ടി.ഓ എം.ജി.മനോജ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ മാവേലിക്കര ആർ.ടി ഓഫീസിലെ എം.വി.ഐ കെ.എസ്.പ്രമോദ്, എ.എം.വി.ഐമാരായ എസ്.ഹരികുമാർ, ജി.ദിനൂപ്, എൻ.പ്രസന്നകുമാർ എന്നിവരും പങ്കെടുത്തു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ, സെക്രട്ടറി കെ.എം.പൊന്നപ്പൻ, സംസ്ഥാന ഭാരവാഹി സാബു കടുകോയിക്കൽ, ബിജു മുഴങ്ങോടിയിൽ അനിൽ, ഷംസ് എന്നിവരുടെ നേതൃത്വത്തിലും ആദരവ് നൽകി.