പ്രവൃത്തി ദിനം വർധിപ്പിച്ചു..അധ്യാപകർ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും….
സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച സംഭവത്തിൽ അധ്യാപകർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ നാളെ (15/06/2024) കൂട്ട അവധി എടുക്കും.
പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നാണ് ഇന്ന് അധ്യാപക സംഘടനകളുമായി നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്.ഇതിന് പിന്നാലെയാണ് അധ്യാപകർ പ്രതിഷേധത്തിനൊരുങ്ങുന്നത്. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.