നീറ്റ് പരീക്ഷ അപാകത…. ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് തള്ളിക്കയറി എസ്.എഫ്.ഐ പ്രവർത്തകർ……
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് പോസ്റ്റ് ഓഫിസ് വളപ്പിലേക്ക് തള്ളിക്കയറിയതിനെ തുടർന്ന് ഉന്തുംതള്ളുമുണ്ടായി. പിരിഞ്ഞുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ജരപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ജില്ല കമ്മിറ്റിയംഗം പി.സി. സ്വാതിക്ക് പരിക്കേറ്റു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.വി. വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. പി.എസ്. സഞ്ജീവ്, അഞ്ജലി സന്തോഷ്, ജോയല്‍ തോമസ്, കെ. സനന്ദ് തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്.ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടെ ഓഫിസ് വളപ്പിലേക്ക് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്, ജില്ല പ്രസിഡന്റ് സി.വി. വിഷ്ണു പ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്, അശ്വിൻഘോഷ്, കെ.വി. അഭിറാം തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, സംഘർഷമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.